മലയാള നാടക, സിനിമ ചരിത്രത്തിലെ അഭിനയ വിസ്മയം കെപിഎസി ലളിത നമ്മെ വിട്ടുപിരിഞ്ഞു

മലയാള നാടക, സിനിമ ചരിത്രത്തിലെ അഭിനയ വിസ്മയം കെപിഎസി ലളിത (74) നമ്മെ വിട്ടുപിരിഞ്ഞു . അനാരോഗ്യം മൂലം ചികിത്സയിലായിരുന്നു .
പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.
മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. പിതാവ് കെ. അനന്തൻ നായർ, അമ്മ ഭാർഗവിയമ്മ. നാലു സഹോദരങ്ങൾ. ഫൊട്ടോഗ്രഫറായിരുന്നു അച്ഛൻ. രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. കലോൽസവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേർന്നു. അതോടെ സ്കൂൾ‌ വിദ്യാഭ്യാസം മുടങ്ങി.
ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് തോപ്പിൽ ഭാസിയാണ് ലളിത എന്നു പേരിട്ടത്.
1970 ൽ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെപിഎസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതയ്ക്ക്. കെ.എസ് സേതുമാധവനായിരുന്നു സംവിധായകൻ. അതിനു ശേഷം സിനിമയിൽ സജീവമായി. 1978 ൽ ഭരതനെ വിവാഹം കഴിച്ചു.
ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്.
നീലപൊന്മാൻ, സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദർ, സന്ദേശം, മീനമാസത്തിലെ സൂര്യൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്ഫടികം, കാട്ടുകുതിര, കനൽക്കാറ്റ്, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
അടൂർ‌ ഗോപാലകൃഷ്ണന്റെ മതിലുകളിൽ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. അതിനു ചെറുകാട് പുരസ്കാരം ലഭിച്ചു.
മലയാളത്തിന്റെ അനശ്വര കലാകാരിക്ക് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ പ്രണാമം .
സിനിമ സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു

പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമ സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് അന്ത്യം.
നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രദീപ് നാടക രംഗത്തും സജീവമായിരുന്നു. പത്താം വയസിൽ എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിലെന്ന നാടകത്തിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിൽ വേഷമിട്ടു. 1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയാണ് ആദ്യ സിനിമ. 2009 ൽ ഗൗതം മേനോന്റെ “വിണ്ണൈത്താണ്ടി വരുവായ” എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
എൽഐസി ഉദ്യോഗസ്ഥനായ പ്രദീപ് കഴിഞ്ഞ വർഷമാണ് വിരമിച്ചത്. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.
ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ആദരാഞ്ജലികൾ ..!!!
സംവിധായകൻ മോഹന കൃഷണൻ അന്തരിച്ചു

സംവിധായകൻ മോഹന കൃഷണൻ അന്തരിച്ചു വേനൽമരം, നളചരിതം നാലാം ദിവസം എന്നീ സിനിമകളുടെ സംവിധായകനാണ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ.

പി. ബാലചന്ദ്രൻ അന്തരിച്ചു

മലയാള നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നടനുമായ . 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 6 മണിക്ക് വൈക്കത്തെ വീട്ടിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. "ഇവൻ മേഘരൂപൻ" എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു. 1972 ഇൽ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എം. ജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചു കാലം അദ്ധ്യാപകൻ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയുടെ റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു. പിന്നീട് എംജി യൂണിവേഴ്‌സിറ്റി സ്കൂൾ ഒാഫ് ലെറ്റേഴ്സിൽ അധ്യാപകനായി. 2012ൽ വിരമിച്ചു. വിദ്യാർഥികളും സഹപ്രവർത്തകരും സ്നേഹപൂർവം ബാലേട്ടൻ എന്നാണ് വിളിച്ചിരുന്നത്.

സിനിമ തീയേറ്ററുകൾ തുറക്കുന്നു

ജനുവരി 5 മുതൽ കേരളത്തിലെ സിനിമാ തിയേറ്ററുകൾ വീണ്ടും തുറക്കുമെങ്കിലും 50 ശതമാനം ശേഷി മാത്രമേയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ലോക്ക്ഡ down ൺ സിനിമാ ഹാളുകൾ അടച്ചുപൂട്ടാൻ നിർബന്ധിച്ച് ഒമ്പത് മാസത്തിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ വീണ്ടും തുറക്കുന്നു. പ്രവർത്തിക്കുമ്പോൾ മാസ്കുകൾ, സോഷ്യൽ ഡിസ്റ്റാൻസിംഗ്, സാനിറ്റൈസേഷൻ എന്നിവയുൾപ്പെടെ എല്ലാ COVID-19 പ്രോട്ടോക്കോളുകളും തിയറ്റർ ഓപ്പറേറ്റർമാർ ഉറപ്പാക്കണം.