ശ്രീകൃഷ്ണ ലാലിന് ആദരാഞ്ജലികൾ

ക്യാമറ അസിസ്റ്റന്റും ഫോക്കസ് പുള്ളറുമായ ശ്രീകൃഷ്ണ ലാൽ (52) കോവിഡ് ബാധിച്ച് ഇന്ന് വൈകുന്നേരം അന്തരിച്ചു. കുറുവിലങ്ങാട് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില് അസുഖം ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയില് ചികിത്സയിലായിരുന്ന കൃഷ്ണലാല് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയി അസുഖം മൂര്ച്ഛിച്ചതിനെ തുടര്ന്ന് ഇന്ന് രാവിലെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം 7:30 ന് മരണപ്പെടുകയായിരുന്നു.
ഒരുപാട് വര്ഷങ്ങളായി നിരവധി സിനിമകളില് ഫോക്കസ് പുള്ളര് ആയി വര്ക്ക് ചെയ്തിട്ടുള്ള ഒരാളാണ് കൃഷ്ണലാല്. സ്വന്തമായി ക്യാമറയുണ്ട്, വിവണ് സിനിമ യൂണിറ്റിന്റെ പാര്ട്ടനറുമാണ്. മാസങ്ങള്ക്കു മുമ്പ് മരണപ്പെട്ട ഫോക്കസ് പുള്ളര് ശശിയും കൃഷ്ണലാലും സുഹൃത്തുക്കളും സഹയാത്രികരും പാര്ട്ണര്മാരും ആയിരുന്നു. സഹയാത്രികന്റെ വേര്പാട് ഉണങ്ങും മുമ്പേയാണ് കൃഷ്ണ ലാലും യാത്രയാവുന്നത്.
കൃഷ്ണ ലാലിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ.
സംവിധായകൻ കണ്ണൻ താമരക്കുളം  വിവാഹിതനായി

പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളവും തിരുവല്ല സ്വദേശി വിഷ്ണു പ്രഭയും വിവാഹിതരായി . നവദമ്പതികൾക്ക് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ വിവാഹ മംഗളാശംസകൾ ..!!!
ഹരിപ്രസാദ് കൊളേരി അന്തരിച്ചു.  ആദരാഞ്ജലികൾ

കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചു.
ഡിസംബർ 16 ന് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിന്നീട് ഗിലൻ ബാരി സിൻഡ്രോം രോഗവും വന്നതിനാൽ ആരോഗ്യം മോശമാവാൻ തുടങ്ങി.
 
"ഗെറ്റുഗദർ" എന്ന പുതിയ സിനിമയുടെ തിരക്കഥ പൂർത്തീകരിച്ച് 2021 ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിന്റെ വേർപാട്.
കോഴിക്കോട് ജില്ലയിലെ മടവൂർ സ്വദേശിയായ ഹരിപ്രസാദ് കൊളേരി അവിവാഹിതനാണ് . അച്ചൻ പരേതനായ പത്മനാഭൻ നായർ , അമ്മ സുഭദ്ര, സഹോദരൻ കേണൽ ജയപ്രസാദ്.
സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് കോഴിക്കോട് മാവൂർറോഡ് സ്മശാനത്തിൽ നടന്നു.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ
അനിൽ നെടുമങ്ങാടിന് ആദരാഞ്ജലികൾ

അയ്യപ്പനും കോശിയും , കമ്മട്ടിപ്പാടം, പാവാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ മലയാള നടൻ അനിൽ നെടുമങ്ങാട് വെള്ളിയാഴ്ച തൊടുപുഴയിലെ മലങ്കര അണക്കെട്ടിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് ഈ അപകടം സംഭവിച്ചത്..

ജോജു ജോർജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി അനിൽ തൊടുപുഴയിലായിരുന്നു.

അവതാരകനായും നിർമ്മാതാവായും ടിവിയിൽ അഭിനയിച്ചതിന് ശേഷം അനിൽ അനിൽ നെടുമങ്ങാട് 2014 ൽ ഞാൻ സ്റ്റീവ് ലോപ്പസുമായി വെള്ളിത്തിരയിലെത്തി. കമ്മട്ടിപ്പാടം, പാവാട, ക്രിസ്മസ് പരോൾ, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പാപം ചെയ്തവർ കല്ലെറിയട്ടെയിലാണ് അദ്ദേഹം അവസാനമായി കണ്ടത്.

ആദരാജ്ഞലികൾ

മലയാളത്തിന്റെ പ്രിയ സച്ചിന് ആദരാഞ്ജലികൾ

 മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന കെ ആർ സച്ചിതാനന്ദൻ ( 49 ) അന്തരിച്ചു . അവസാന സിനിമയായ ' അയ്യപ്പനും കോശിയും' ലൂടെ പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്‌ഠം പ്രശംസ പിടിച്ചുപറ്റിയ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും പ്രേക്ഷകരും .

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .

നിയമ ബിരുദധാരിയായ സച്ചി സുഹൃത്ത് സേതുവുമൊന്നിച്ച് സച്ചി - സേതു എന്ന പേരിൽ ചോക്കളേറ്റ് ( 2007) , റോബിൻഹുഡ് ( 2009 ) , സീനിയേഴ്സ് (2011) , മെയ്ക്കപ്പ് മേൻ ( 2011 ), ഡബിൾസ് ( 2011 ) എന്നീ സിനിമകൾക്ക് ശേഷം സ്വതന്ത്ര രചയിതാവായി റൺ ബേബി റൺ ( 2012 ), ചേട്ടായീസ് ( 2012 ) , രാമലീല ( 2017 ), ഡ്രൈവിംഗ് ലൈസൻസ് ( 2019 ) എന്നി ചിത്രങ്ങൾ ചെയ്തു . 2017 ൽ ഷെർലക്ക് ടോംസ് എന്ന ചിത്രത്തിൽ നജിം കോയ , ഷാഫി എന്നിവർക്കൊപ്പം സഹ രചയിതാവായി .

അനാർക്കലി ( 2015 ), അയ്യപ്പനും കോശിയും (2020 ) എന്നിവയാണ് എഴുതി സംവിധാനം ചെയ്ത സിനിമകൾ.  കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എറണാകുളം തൃപ്പുണിത്തുറയിലായിരുന്നു താമസം .

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കർശന നിയന്ത്രത്തോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക . ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും സഹകരിക്കണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അഭ്യർത്ഥിച്ചു. നിയമ വിദഗ്ദൻ കൂടിയായ സച്ചി ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ് .