കഥയുടെ തമ്പുരാന്‍റെ കിരീടവും ചെങ്കോലും അഴിച്ചുവച്ച് ലോഹിതദാസ് ഓര്‍മ്മയുടെ വെള്ളിത്തിരയിലേക്ക് മാഞ്ഞിട്ട് ഒൻപത് വര്‍ഷം കഴിയുന്നു. ജീവിതഗന്ധിയായ തിരക്കഥകള്‍ കൊണ്ട് മലയാള സിനിമയില്‍ ലോഹി എഴുതിചേര്‍ത്തത് പകരക്കാരനില്ലാത്തൊരിടം, ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കി. തന്റെ തൂലിക സ്പർശം കൊണ്ട് പ്രേക്ഷകമനസ്സിനെ കഥയുടെ വൈകാരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോകുകയും ഉള്ളം നിറക്കുകയും ചെയ്യുന്ന ഒരു രചനാ ശൈലിയുടെ ഉടമയായിരുന്ന #ലോഹിതദാസ് മലയാളി മനസിന്റെ മനശാസ്ത്രം മനസിലാക്കിയ തിരക്കഥാകൃത്തായിരുന്നു, നാട്ടിടവഴികളിലെ ജീവിതങ്ങളുടെ വേഷപകര്‍ച്ചകള്‍ ലോഹി കാലത്തിന്റെ തൂലിക കൊണ്ട് പകര്‍ത്തിയെഴുതി, ആ ജീവിതത്തെ അഭ്രപാളിയിലേക്ക് തന്മയത്തത്തോടെ എഴുതി ചേര്‍ത്തു. സംവിധായകന്‍, തിരക്കഥാകൃത്ത് , ഗാനരചയിതാവ്, നാടകകൃത്ത്, നിര്‍മ്മാതാവ്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഈ കലാകാരന്റെ അകാലത്തിലുണ്ടായ വിയോഗം മലയാള സിനിമക്ക് നികത്താനാവാത്തതാണ്.
മലയാള ചലച്ചിത്ര മേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകരുമായിരുന്ന #പത്മരാജനും #ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് 2009 ജൂണ്‍ 28 നാണ് ഒട്ടേറെ കഥാപാത്രങ്ങളെ ബാക്കിയാക്കി കടന്നുപോയത്.
1955 മേയ് 10-ന് തൃശൂർ ജില്ലയിലെ ചാലക്കുടിയ്‌ക്കടുത്ത് മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായി ജനിച്ചു. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി. സിന്ധുവാണ് ഭാര്യ. ഹരികൃഷ്ണൻ, വിജയശങ്കർ എന്നിവർ മക്കളും.
ലോഹിതദാസ് ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെ.പി.എ.സിക്കു വേണ്ടി 1986ല്‍ നാടകരചന നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ‘കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്’ എന്ന നാടകവേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചുപറ്റി രചന. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കൂടാതെ ‘അവസാനം വന്ന അതിഥി’, ‘സ്വപ്നം വിതച്ചവര്‍’ തുടങ്ങിയ നാടകങ്ങളും എഴുതി. നാടകത്തിന്റെ സാമ്പത്തികവിജയവും നിരൂപകശ്രദ്ധയും കൊണ്ട് ശ്രദ്ധേയനായ ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് നയിച്ചത് #തിലകനാണ്
എം.ടി.യും പത്മരാജനും ജോണ്‍പോളും ടി.ദാമോദരനും തിരക്കഥാരംഗത്ത് തിളങ്ങിനില്‍ക്കുന്ന കാലത്താണ് നാടക അണിയറയില്‍ നിന്ന് ലോഹിതദാസ് സിനിമയിലേക്ക് കടന്നുവന്നത്. ഏറെ കൊതിച്ചിരുന്നു ലോഹി ഒരു തിരക്കഥ എഴുതാന്‍. പല തവണ അവസരം അടുത്തെത്തി. പക്ഷെ നിര്‍ഭാഗ്യങ്ങള്‍ അകറ്റി. 1987 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക് കടക്കുന്നത്. പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. ''എല്ലാരും പറയ്യ്യാ മാഷേ.. മാഷ്‌ക്ക് ഭ്രാന്താന്ന്'' ക്ലാസ്സ് റൂമില്‍ വെച്ച് ഒരു പെണ്‍കുട്ടി ബാലന്‍മാഷോട് ഇങ്ങനെ ചോദിക്കുമ്പോള്‍ കാണികള്‍ നെഞ്ചുരുകി വീര്‍പ്പടക്കിയാണ് ആ രംഗം കണ്ടത്. ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ #സിബിമലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽനിന്ന് പിന്നീടും ഒട്ടേറെ പ്രശസ്തമായ മലയാളചലച്ചിത്രങ്ങൾ പിറവികൊണ്ടു.
മലയാള സിനിമ പുതിയ ഊര്‍ജം നേടുകയായിരുന്നു ലോഹിയുടെ ആ ചിത്രത്തിലൂടെ. സിനിമക്കു വേണ്ടി ജനിച്ചവനെ സിനിമാലോകം തിരിച്ചറിഞ്ഞ പോലെ. ലോഹിയുടെ തിരക്കഥകള്‍ക്ക് പ്രേക്ഷകര്‍ കാത്തുനില്‍ക്കുന്നതാണ് പിന്നീട് കണ്ടത്. ഹീറോ എന്ന വാക്കിന് അതുവരെ നമ്മുടെ സിനിമ കണ്ട അര്‍ഥങ്ങള്‍ പൊളിച്ചെഴുതി ലോഹിതദാസ്. ആ എഴുത്തുകാരന്‍ മലയാള സിനിമയുടെ ഭാവി നിര്‍ണയിച്ചു. ഇല്ലായ്മകളില്‍ നിന്നും ജീവിത്തിെന്റ ആഴമേറിയ കാമനയുടെ പടവുകള്‍ ചെറുപ്പം മുതലേ തിരിച്ചറിഞ്ഞ് മുന്നേറിയ ലോഹിതദാസ് മലയാളിയെ ഏറെ ചിന്തിപ്പിച്ചിരുന്നു. നാട്ടിടവഴികളിലെ ചിരപരിചിത ജീവിതങ്ങളായിരുന്നു നാട്യങ്ങളില്ലാതെ ലോഹിതദാസ് വെള്ളിത്തിരയിലേക്ക് പകര്‍ത്തിവച്ചത്. എന്നാല്‍ അവ അനുഭവിപ്പിച്ച വൈകാരിക സംഘര്‍ഷങ്ങള്‍ക്ക് തീവ്രത ഏറെയായിരുന്നു. നാടകീയതയുടെ കടുംപിടിത്തങ്ങളില്ലാതെ പച്ചയായ മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍ അതേ വൈകാരികത തീക്ഷണതയില്‍ ലോഹി എഴുതിയപ്പോള്‍ സിനിമാകൊട്ടകയ്ക്കുള്ളിലെ ഇരുട്ടില്‍ സേതുമാധവന്റേയും അച്ചൂട്ടിയുടേയും വിദ്യാധരന്റേയും നൊമ്പരങ്ങള്‍ മലയാളിയുടെ ഉള്ളുപൊള്ളിച്ചു. തിയേറ്ററുകളില്‍ ആളു കൂടണമെങ്കില്‍ ലോഹി എഴുതണം എന്ന അവസ്ഥയായിരുന്നു ആ കാലത്ത്.
ആർദ്രവും തീക്ഷ്ണവുമായ മാനവീകതയാണ് ലോഹിയുടെ തിരക്കഥയുടെ ചൈതന്യം. താര പരിവേഷമുള്ള കഥകൾക്ക് പകരം താരങ്ങളെ മണ്ണിലേക്കിറക്കികൊണ്ടുവന്ന് അഭിനയത്തിലൂടെ പ്രേക്ഷകമനസ്സിന്റെ ആകാശങ്ങളിൽ തിളക്കമുള്ള നക്ഷത്രങ്ങളാക്കുന്നതായിരുന്നു ഈ സ്റ്റാർമേക്കറുടെ രീതി. പുതുമുഖ നടന്‍മാര്‍ ലോഹിയുടെ ചിത്രങ്ങള്‍ നല്ല രാശിയായി കരുതി. ലോഹിയുടെ അനുഗ്രഹം വാങ്ങി ചായമിട്ടവരെല്ലാം വലിയ ഹീറോകളായി. ടൈപ്പുകളില്‍ കുടുങ്ങിക്കിടന്ന ഹീറോകളാവട്ടെ വലിയ നടന്മാരായി പേരെടുത്തു. പലരും മഹാനടന്‍മാരായി അറിയപ്പെട്ടു. എണ്ണമറ്റ പുരസ്‌കാരങ്ങള്‍ അവര്‍ വാരിക്കൂട്ടി. നാടകീയതയുടെ കടുംപിടുത്തമില്ലാതെ പച്ചയായ ജീവിതങ്ങളുടെ ആത്മസംഘർഷങ്ങൾ അതേ വൈകാരിക തീക്ഷ്ണതയോടെ ലോഹിതദാസ് പകർത്തിയെഴുതിയപ്പോൾ, സേതുമാധവന്റെയും അച്ചൂട്ടിയുടെയും വാദ്യാധരന്റെയും ഭാനുവിന്റെയുമൊക്കെ നൊമ്പരങ്ങൾ മലയാളികളുടെ ഉള്ളു പൊള്ളിച്ചു. മൃഗയയിലെ വാറുണ്ണി, മഹായാനത്തിലെ ചന്ദ്രു, അമരത്തിലെ അച്ചൂട്ടി, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍ (#മമ്മൂട്ടി), ദശരഥത്തിലെ രാജീവ്‌മേനോന്‍, കിരീടത്തിലെ സേതുമാധവന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള (മോഹന്‍ലാല്‍)-നായകകഥാപാത്രങ്
മലയാള സിനിമയുടെ പുഷ്‌കലമായ ആ കാലത്ത് എഴുത്തുകാരന്റെ രാജസിംഹാസനത്തിലിരുന്നു ലോഹിതദാസ്. എഴുതാപ്പുറങ്ങള്‍, ആധാരം, മുക്തി, സസ്‌നേഹം, കുടുംബപുരാണം, മാലയോഗം, മുദ്ര, ജാതകം, ധനം, കമലദളം, കൗരവര്‍, ചെങ്കോല്‍, തൂവല്‍ക്കൊട്ടാരം, സല്ലാപം.... ലോഹിക്ക് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. എഴുതുന്നതെല്ലാം ഹിറ്റായി മാറി. വളരെ യഥാർത്ഥവും പലപ്പോഴും വിഷാദാത്മകവുമായി സമകാലിക കേരളീയ ജീവിതത്തെ ചിത്രീകരിക്കുന്നതിൽ ലോഹിതദാസിന്റെ ചിത്രങ്ങൾ പ്രശസ്തമാണ്. പൊതുവേ ഗൗരവമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ലോഹിതദാസിന്റെ ചിത്രങ്ങളിലേറെയും വാണിജ്യപരമായി വിജയം നേടുകയും ചെയ്തു. നല്ല സിനിമ സൃഷ്ടിക്കാനുള്ള മാന്ത്രികദണ്ഡ് കയ്യിലുള്ളവനെ പോലെയായി നിര്‍മാതാക്കള്‍ക്ക് ലോഹിതദാസ്. ലോഹിയുടെ തിരക്കഥക്ക് അവര്‍ കാത്തുനിന്നു എത്ര പണം കൊടുക്കാനും തയ്യാറായി. കഥയുടെ അക്ഷയഖനിയുമായി ലോഹി എഴുതിക്കൊണ്ടിരുന്നു. പക്ഷെ മസാലക്കൂട്ടുകൊണ്ട് സൂത്രത്തിലൂടെ വിജയം നേടിയതല്ല ലോഹിയുടെ സിനിമകള്‍. കാമ്പുള്ള കഥകള്‍, നീറിപ്പിടിച്ച് മുന്നേറുന്ന കഥാസന്ദര്‍ഭങ്ങള്‍. വികാരതീവ്രമായ മുഹൂര്‍ത്തങ്ങള്‍, നമ്മുടെ പരിസരങ്ങളില്‍ കണ്ട കഥാപാത്രങ്ങള്‍, പരിചിതമായ സംഭാഷണങ്ങള്‍- ലോഹിയുടെ രചനയ്ക്ക് അവകാശപ്പെട്ടതാണ് ഇതെല്ലാം. വികാരതീവ്രമായ മുഹൂര്‍ത്തം എഴുതുന്ന അതേ മികവില്‍ ഹാസ്യരംഗംപോലും ലോഹി എഴുതി ഫലിപ്പിച്ചു. വെറുതെ ചിരിച്ചുതള്ളാവുന്ന ഹാസ്യമല്ല ലോഹി എഴുതിയത്. സല്ലാപത്തിലെ ആശാരിപ്പണിക്കാരെ ലോഹി ചിത്രീകരിച്ചപ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചു. പക്ഷെ നമ്മള്‍ കണ്ടിട്ടുള്ള ആശാരിമാരെല്ലാം ഇങ്ങനെയാണെന്ന് പിടികിട്ടുമ്പോഴാണ് ചിരി വ്യത്യസ്തമാവുന്നത്.
ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിച്ചത് സാഹിത്യഭാഷയിലല്ല, നമ്മള്‍ കേട്ടു പരിചയമുള്ള ഭാഷയിലാണ്. അന്നേവരെ പടിക്കു പുറത്തു നിര്‍ത്തിയ പല ജനവിഭാഗങ്ങളെയും (ബഹിഷ്‌കൃതര്‍) മലയാളസിനിമക്കകത്തേക്ക് കൊണ്ടുവന്നത് ലോഹിതദാസാണ്. ദുര്‍ഗുണപരിഹാരപാഠശാലയിലെ കുട്ടികള്‍ (മുദ്ര), അപരിഷ്‌കൃതനായ വേട്ടക്കാരന്‍ ( മൃഗയ), കടലിനോട് മല്ലിട്ട് ജീവിക്കുന്ന മുക്കുവര്‍ (അമരം), മൂശാരിമാര്‍ (വെങ്കലം), ആശാരിമാര്‍ (സല്ലാപം), അലക്കുകാര്‍ (വീണ്ടും ചില വീട്ടുകാര്യങ്ങള്‍), സര്‍ക്കസ് കോമാളികള്‍ (ജോക്കര്‍), വേശ്യകള്‍ (സൂത്രധാരന്‍)- അവര്‍ക്കെല്ലാം ലോഹി ഇടംകൊടുത്തു. വാര്‍പ്പുമാതൃകകളില്‍ സവര്‍ണനായകന്‍മാര്‍ അരങ്ങുവാഴുമ്പോള്‍ ജാതീയവും തൊഴില്‍പരവുമായ വ്യത്യസ്തത അനുഭവിപ്പിച്ചും ലോഹി വേറിട്ടുനിന്നു. ആശാരിയും മൂശാരിയും കൊല്ലനും അരയനും വേശ്യയും കൊലയാളിയുമെല്ലാം ലോഹിയുടെ തൂലികയിലൂടെ വെള്ളിത്തിരയിലെത്തി തലയുയര്‍ത്തിപ്പിടിച്ച് ജീവിതം പറഞ്ഞു. ഡ്രൈവര്‍മാരും കൂട്ടിക്കൊടുപ്പുകാരും കൊച്ചുകുട്ടികളും എല്ലാം ക്യാമറയ്ക്കുമുന്നില്‍ സാഹിത്യം പറഞ്ഞപ്പോള്‍ ലോഹിയുടെ കഥാപാത്രങ്ങളുടെ ചുണ്ടില്‍ നിന്ന് കേള്‍വിയിലേക്കെത്തിയത് അവരവരുടെ ജീവന്റെ വര്‍ത്തമാനമായിരുന്നു. പച്ചയായ പറച്ചിലുകള്‍. അതൊരിക്കലും അശ്ലീലമായിരുന്നില്ല.
സല്ലാപത്തിലും വാത്സല്യത്തിലും തൂവല്‍ക്കൊട്ടാരത്തിലും അരയന്നങ്ങളുടെ വീടിലുമെല്ലാം വള്ളുവനാടിന്റെ ഗ്രാമീണജീവിതമാണ് ഉള്ളത്. എം.ടി.യുടെ പിന്തുടര്‍ച്ചക്കാരനായിരുന്നു ഇക്കാര്യത്തില്‍ ലോഹിതദാസ്. പക്ഷെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ലോഹിതദാസ് എം.ടി.യില്‍ നിന്ന് വ്യക്തമായ അകലം പാലിച്ചു. നീണ്ടുകിടക്കുന്ന തീവണ്ടിപ്പാളവും പരന്നുകിടക്കുന്ന നെല്‍പ്പാടവും ഫുള്‍പാവാടയിട്ട പെണ്‍കുട്ടിയും പനയും ചെത്തുകാരും ഷാപ്പും അമ്പലവും അമ്പലക്കമ്മിറ്റിക്കാരും എല്ലാം നിറഞ്ഞ 'സല്ലാപം' ലോഹിയുടെ മനസ്സിലെ വള്ളുവനാടിന്റെ പൂര്‍ണതയാണ്. വള്ളുവനാടന്‍ ഗ്രാമങ്ങളോടും ആ ഗ്രാമത്തിലെ ജീവിതത്തോടും വല്ലാത്തൊരു അഭിനിവേശവുമുണ്ടായിരുന്നു ലോഹിതദാസിന്. അത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഓരോ മനുഷ്യനും ഓരോ സ്വഭാവമുണ്ട്. ഏതു സ്വഭാവക്കാരനും ഓരോ പെരുമാറ്റശൈലിയുമുണ്ട്. ദൗര്‍ബല്യങ്ങളാവട്ടെ അവന്റെ കൂടെപ്പിറപ്പാണ്. മനുഷ്യര്‍ക്കിടയിലെ ഈ അടിസ്ഥാനവ്യത്യസ്തതകള്‍ മലയാള സിനിമ ഏറ്റവുമധികം കണ്ടത് ലോഹിയുടെ സിനിമകളില്‍ നിന്നാണ്. ആധാരത്തില്‍ ചെറിയ കഥാപാത്രത്തെയാണ് അബൂബക്കര്‍ എന്ന നടന്‍ അവതരിപ്പിച്ചത്. ''പരദൂഷണം പറയുക എന്ന ശീലം എനിക്കില്ല'' എന്നു പറഞ്ഞാണ് അയാള്‍ പരദൂഷണം തുടങ്ങുക. വലിയ തറവാട്ടുകാരോട് സംസാരിക്കുമ്പോള്‍ 'നമ്മള്‍ തറവാടികള്‍' എന്ന് സംയുക്തമായി സംബോധന ചെയ്യും അയാള്‍. ഈ കഥാപാത്രത്തെ നമ്മള്‍ ഓര്‍ക്കുന്നത് അവരുടെ സ്വഭാവസവിശേഷത കൊണ്ടാണ്. വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ പപ്പു അവതരിപ്പിക്കുന്ന വര്‍ക് ഷാപ്പുകാരന്‍ കുഞ്ഞിരാമനാശാന്‍. ഒന്നോ രണ്ടോ സീനിലേ എത്തുന്നുള്ളൂ ഇയാള്‍. ജയറാമിനെ ശകാരിക്കുന്ന രംഗത്ത് പപ്പു പറയുന്നു- ''തന്തേം തള്ളേം നയിച്ചുണ്ടാക്കീത് തിന്നിട്ട് എല്ലിന്റള്ളില്‍ കുത്ത്യപ്പോ.... ഓന്റൊരവസ്ഥ. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കൂലടോ''. എന്നാണ്. ഇതിലൂടെ ആ കഥാപാത്രത്തിന്റെ ജീവിതവീക്ഷണം നമ്മള്‍ മനസ്സിലാക്കുന്നു. സല്ലാപത്തിലെ ഒടുവിലിന്റെ കഥാപാത്രം അമ്പലക്കമ്മിറ്റി പ്രസിഡന്റാണ്. 'പെണ്ണുങ്ങളെവിടെയുണ്ടോ അവിടെയുണ്ടാവും നമ്മുടെ പ്രസിഡന്റ് എന്ന് ഇയാളെ കുറിച്ച് മറ്റൊരു കഥാപാത്രം പറയുന്നതില്‍ നിന്നു തന്നെ ആ കഥാപാത്രത്തിന്റെ സ്വഭാവം പിടികിട്ടും. ഒടുവില്‍ അവതരിപ്പിച്ച മാലയോഗത്തിലെ കലികാലം പരമു നായര്‍ ചായക്കടക്കാരനാണെങ്കിലും വേദാന്തിയാണ്. കിരീടത്തിലെ ജഗതിയുടെ കഥാപാത്രം ഏതു ജോലിക്കു പോയാലും അവിടെ നില്‍പ്പുറക്കാത്തയാളാണ്. വിദ്യാഭ്യാസം തീരെ കുറവാണെങ്കിലും 'ആ ജോലിയൊന്നും നമുക്കു പറ്റിയതല്ലെ'ന്ന് കരുതുന്ന ഉഴപ്പനാണ് അയാള്‍. ഏതു ചെറിയ കഥാപാത്രവും ലോഹി എഴുതുമ്പോള്‍ അതിന് എന്നെന്നും ഓര്‍മിക്കപ്പെടുന്ന വ്യക്തിത്വമുണ്ടാവുന്നു എന്നതിന് നിരത്താന്‍ ഇനിയും ഉദാഹരണങ്ങള്‍ ഏറെയുണ്ട്.
സമൂഹത്തിലെ ചില ജനവിഭാഗങ്ങളെ ലോഹി സൂക്ഷ്മമായി കാണാന്‍ ശ്രമിച്ചിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അലക്കുകാരുടെ വീട്ടിലെ വഴക്കും ബഹളവും വെങ്കലത്തില്‍ മൂശാരിമാരുടെ വീട്ടില്‍ പെണ്ണുങ്ങള്‍ പുറം തിരിഞ്ഞിരുന്നത് സംസാരിക്കുന്നതുമെല്ലാം ആ ജനവിഭാഗത്തെ സൂക്ഷ്മമായി കണ്ട ഒരാള്‍ക്കേ ഇത്ര മനോഹരമായി ഫലിപ്പിക്കാന്‍ കഴിയൂ. പരാജയപ്പെട്ടവരായിരുന്നു ലോഹിയുടെ നായകരില്‍ ഏറെയും. ജീവിതത്തിലെന്നപോലെ. സ്വന്തമായ അസ്തിത്വമില്ലാത്ത കഥാപാത്രങ്ങളോട് ഒരിക്കല്‍പോലും ലോഹ്യം കൂടിയതുമില്ല മലയാളികളുടെ ഈ പ്രിയചലച്ചിത്രകാരന്‍. ഒരുവരി സംഭാഷണം മാത്രമേയുള്ളൂവെങ്കിലും കഥാപാത്രങ്ങള്‍ക്കെല്ലാം നിര്‍വചിക്കപ്പെട്ട തനത് ഇടമുണ്ടായിരുന്നു. സിനിമക്ക് വേണ്ടി ജീവിച്ചയാള്‍ ആയിരുന്നില്ല ലോഹിതദാസ്. സിനിമക്കു വേണ്ടി ജനിച്ചയാളായിരുന്നു. ഞാൻ എഴുതി കൊണ്ടിരിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു സിനിമ നടന്നുകൊണ്ടിരിക്കുകയാണ്, ഞാൻ അതിനെ കടലാസ്സിൽ പകർത്തും, കഥപാത്രങ്ങക്കൊപ്പം കരയും ചിരിക്കും... കഥാപാത്രങ്ങളുടെ നെഞ്ചിടിപ്പുവരെ ഞാൻ കേൾക്കാറുണ്ട്. ഒരു അഭിമുഖത്തിൽ ലോഹിതദാസ് പറഞ്ഞ വാക്കുകളാണിവ.
എഴുതിയത് 44 തിരക്കഥകള്‍, സംവിധാനം ചെയ്തത് 12 ചിത്രങ്ങള്‍ ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. കുടുംബമെന്ന സ്ഥിരം ഭൂമികയിലായിരുന്നു അവയിലധികവും. എന്നാല്‍ തനിയാവര്‍ത്തനമായിരുന്നില്ല അതിലൊന്നുപോലും. തലമുറയിലേക്ക് കൈമാറിക്കിട്ടിയ ഭ്രാന്തില്‍, നീറിപ്പിടഞ്ഞ ബാലന്‍ മാഷിന്റെ ആത്മസംഘര്‍ഷമായിരുന്നില്ല, മേലേടത്ത് രാഘവന്‍ നായരുടേത്. ആണ്‍ നിഴലില്‍ മറയ്ക്കപ്പെടുന്നവരായിരുന്നില്ല ലോഹിയുടെ നായികമാര്‍. ആണിനൊപ്പം നിവര്‍ന്നുനിന്ന് ജീവിതത്തെ പോരിനുവിളിച്ച കന്‍മദത്തിലെ ഭാനുവിന്റെ വഴിയിലെവിടെയുമായിരുന്നില്ല കസ്തൂരിമാനിലെ പ്രിയംവദയുടെ നില്‍പ്പ്. ഒന്നിനൊന്ന് വേറിട്ടുനിന്നു ലോഹിയുടെ കഥയും കഥാപാത്രങ്ങളും. വാടകഗര്‍ഭപാത്രത്തെക്കുറിച്ച് മലയാളി കേട്ടുപരിചയിക്കുന്നതിനും വളരെ മുന്നേ അക്കഥയും പറഞ്ഞു ലോഹി ദശരഥത്തിലൂടെ. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഉദയനാണ് താരം, സ്‌റ്റോപ് വയലൻസ് തുടങ്ങിയ ചില ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
സിനിമയുടെ എഴുത്തുകാരനായി തിളങ്ങി നില്‍ക്കുമ്പോഴാണ് ലോഹിതദാസ് സംവിധായകനായത് 1997 ല്‍ പുറത്തുവന്ന ഭൂതക്കണ്ണാടിയിലൂടെയാണ്. ആദ്യചിത്രം ഭേദപ്പെട്ട അഭിപ്രായവും പുരസ്‌കാരങ്ങളും വാങ്ങിക്കൂട്ടി. മകളെ കുറിച്ചോര്‍ത്ത് ആധിയോടെ കഴിയുന്ന ഒരു വാച്ചുമെക്കാനിക്കിനെയാണ് ഭൂതക്കണ്ണാടിയിലൂടെ ലോഹിതദാസ് കാണിച്ചുതന്നത്. പിന്നീട് കാരുണ്യം, കന്മദം, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഈ ചിത്രങ്ങളില്‍ പലതും ഭേദപ്പെട്ട കളക്ഷന്‍ നേടിയെങ്കിലും നല്ല തിരക്കഥാകൃത്തായിരുന്ന ലോഹിതദാസിന് അത്രയും പേരെടുക്കാന്‍ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെ കഴിഞ്ഞില്ല. ലോഹിയുടെ പ്രതിഭ അതിന്റെ മാറ്റ് നേരത്തെ തിരക്കഥയില്‍ തെളിയിച്ചതായിരിക്കാം കാരണം, അല്ലെങ്കില്‍ ആ തിരക്കഥകള്‍ മറ്റൊരാള്‍ സിനിമയാക്കുന്നതാവണം പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരിക്കുക.
1997ല്‍ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും ഭൂതക്കണ്ണാടിക്ക് ലഭിക്കുകയുണ്ടായി. 1987ല്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങളും തനിയാവര്‍ത്തനം എന്ന ചിത്രത്തിനു ലഭിച്ചു. കൂടാതെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. സംവിധാന രംഗത്ത് ലോഹിതദാസ് ചിത്രങ്ങൾ ശാരാശരി വിജയം ആയിരുന്നു എന്ന് പറയാം. ലോഹിയുടെ സംവിധാനത്തെ കുറിച്ച് വിമര്‍ശനങ്ങള്‍ വന്നു. സിനിമ മോശമായതുകൊണ്ടല്ല, തിരക്കഥാ രചനയാണ് ലോഹിക്ക് നല്ലത് എന്നതായിരുന്നു വിമര്‍ശനത്തിനു പിന്നില്‍. തുടക്കത്തിൽ ഒരു വർഷം നാല് തിരക്കഥകളോളം ലോഹിതദാസ് രചിക്കാറുണ്ടായിരുന്നു. പിന്നീട് സംവിധാനത്തിലേക്ക് തിരിഞ്ഞതോടെ ഇദ്ദേഹത്തിന്റെ തിരക്കഥകളുടെ എണ്ണം കുറഞ്ഞുവന്നു. സ്വന്തമായി സംവിധാനം ആരംഭിച്ച ശേഷം സത്യന്‍ അന്തിക്കാടിനു വേണ്ടി 1999 ല്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിന് തിരക്കഥയെഴുതി. പിന്നീട് പത്തുവര്‍ഷം മറ്റാര്‍ക്കും വേണ്ടി എഴുതിയിട്ടില്ല. 2007 ല്‍ പുറത്തിറങ്ങിയ നിവേദ്യമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. ഇതിനിടെ സാമ്പത്തിക ബാധ്യതകള്‍ വന്നുതുടങ്ങിയിരുന്നു. കസ്തൂരിമാന്‍ തമിഴിലെടുത്തതോടെ ബാധ്യത കുന്നുകൂടി. കടം പെരുകിപ്പെരുകിവന്നു. എന്നാല്‍, വീണ്ടും തിരക്കഥാരംഗത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ലോഹിതദാസ്. ലോഹിതദാസ് തന്നെ സംവിധാനം ചെയ്യാനുദ്ദേശിച്ചിരുന്ന ചെമ്പട്ട്, വർഷങ്ങൾക്കുശേഷം സിബി മലയിൽ-ലോഹിതദാസ്-മോഹൻലാൽ കൂട്ടുകെട്ടിന് വഴിവെക്കുമായിരുന്ന ഭീഷ്മർ എന്നീ ചലച്ചിത്രങ്ങളാണ് പാതിവഴിയിൽ അവസാനിച്ചത്. തന്റെ രചനയില്‍ നിന്ന് ഒട്ടേറെ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള സിബി മലയിലുമായി ചേര്‍ന്ന് ഒരു ചിത്രത്തിന്റെ ആലോചനകളിലാണെന്ന് അവസാനകാലത്ത് പറയുകയും ചെയ്തു. പക്ഷെ, തന്റെ നായകന്മാരെ പോലെ സ്വപ്നങ്ങളുടെ മൂര്‍ധന്യത്തില്‍ തേടിയെത്തുന്ന ദുരന്തം ലോഹിയെയും പിടികൂടി. നിര്‍ദയം പെരുമാറിയ വിധിയില്‍ നിന്ന് രക്ഷപ്പെടാനാവാതെ ആ കഥാകാരന്‍ വിടവാങ്ങി. ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമക്ക് ഒൻപത് വയസ്സാവുകയാണ്. ലോഹിതദാസ് കഥകളില്ലാ ലോകത്തേക്ക് പറന്നതോടെ ആ നഷ്ടം ഇന്നും മലയാള സിനിമയില്‍ പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു.
2009 ജൂൺ 28-ന് രാവിലെ 10.50-ന് തികച്ചും അപ്രതീക്ഷിതമായി ഹൃദയാഘാതത്തെത്തുടർന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ലോഹിതദാസ് അന്തരിച്ചു. ആലുവയിൽ താമസിയ്ക്കുകയായിരുന്ന അദ്ദേഹം അന്ന് രാവിലെ ഭക്ഷണം കഴിയ്ക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 54 വയസ്സായിരുന്നു അദ്ദേഹത്തിന്. ഏറെക്കാലമായി തിരിച്ചറിയാതിരുന്ന ഹൃദ്രോഗമാണ് ഒടുവിൽ അദ്ദേഹത്തിന്റെ ജീവനെടുത്തത്. മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ലക്കിടിയിലെ 'അമരാവതി' വീട്ടുവളപ്പിൽ സംസ്കരിച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി നീണ്ട സർഗ്ഗസപര്യയുടെ നിവേദ്യമായ, ആത്മനൊമ്പരത്തിന്റെ നെരിപ്പോടുകളിൽ നിന്ന് ഊതിക്കാച്ചിയെടുത്ത കഥകൾ പറഞ്ഞ് മറുവാക്ക് കേൾക്കാൻ കാത്തുനിൽക്കാതെ ലക്കിടി അകലൂർ ഗ്രാമത്തിലെ അമരാവതിയിലെ തൊടിയിൽ എരിഞ്ഞടങ്ങിയ ഈ അതുല്യ പ്രതിഭയുടെ തൂലികയിൽ നിന്ന് പിറവിയെടുത്ത കഥപാത്രങ്ങളെ മാറ്റിനിർത്തി മലയാള സിനിമയെ നിർവചിക്കാൻ ആർക്കും സാദ്ധ്യമല്ല. അതുതന്നെയാണ് ലോഹിതദാസ് എന്ന കലാകാരനെ വ്യത്യസ്തനാക്കുന്നതും. ഫെഫ്ക ഡയറക്ടർസ് യൂണിയന്റെ പ്രണാമം
എ.കെ.ലോഹിതദാസ്.
#Lohidadas
ജനനം
അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്'
ശവകുടീരം
ലക്കിടി, പാലക്കാട്
മറ്റ് പേരുകൾ
ലോഹി
തൊഴിൽ
സംവിധായകൻ, തിരക്കഥാകൃത്ത്
സജീവം
1987 - 2009
ജീവിത പങ്കാളി
സിന്ധു
കുട്ടി(കൾ)
ഹരികൃഷ്ണൻ, വിജയശങ്കർ
പുരസ്കാരങ്ങൾ
ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ഫിലിം അവാർഡ് - തനിയാവർത്തനം (1987)
ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള സംസ്ഥാന ഫിലിം അവാർഡ് - ഭൂതക്കണ്ണാടി (1997),
മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം - ഭൂതക്കണ്ണാടി (1997)
മികച്ച തിരക്കഥക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം -
തനിയാവർത്തനം (1987),
ദശരഥം (1989),
കിരീടം (1990),
ഭരതം (1991),
ചെങ്കോൽ (1993),
ചകോരം (1994),
സല്ലാപം (1994),
തൂവൽകൊട്ടാരം (1996),
ഭൂതകണ്ണാടി (1997),
ഓർമ്മചെപ്പ് (1998),
ജോക്കർ (1999),
വീണ്ടും ചില വീട്ടുകാര്യങ്ങൾ (2000), കസ്‌തൂരിമാൻ (2003),
നിവേദ്യം (2007)
മികച്ച ചലച്ചിത്രത്തിനു ഫിലിം ക്രിട്ടിക്സ് പുരസ്കാരം -
ഭൂതകണ്ണാടി (1997),
ജോക്കർ (1999),
കസ്തൂരിമാൻ (2003),
നിവേദ്യം (2007)
തിരക്കഥകൾ
2007 നിവേദ്യം ലോഹിതദാസ് വിനു മോഹൻ, ഭാമ
2006 ചക്കരമുത്ത് ലോഹിതദാസ് ദിലീപ്, കാവ്യാ മാധവൻ
2003 ചക്രം ലോഹിതദാസ് പൃഥ്വിരാജ്, മീരാ ജാസ്മിൻ
2003 കസ്തൂരിമാൻ ലോഹിതദാസ് കുഞ്ചാക്കോ ബോബൻ, മീരാ ജാസ്മിൻ
2001 സൂത്രധാരൻ ലോഹിതദാസ് ദിലീപ്, മീരാ ജാസ്മിൻ
2000 ജോക്കർ ലോഹിതദാസ് ദിലീപ്, നിഷാന്ത് സാഗർ, മന്യ
1999 അരയന്നങ്ങളുടെ വീട് ലോഹിതദാസ് മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി
1999 വീണ്ടും ചില വീട്ടുകാര്യങ്ങൾ സത്യൻ അന്തിക്കാട് ജയറാം, തിലകൻ, സംയുക്ത വർമ്മ
1998 കന്മദം ലോഹിതദാസ് മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ
1998 ഓർമ്മച്ചെപ്പ് ലോഹിതദാസ് ലാൽ, ദിലീപ്, ചഞ്ചൽ
1997 കാരുണ്യം ലോഹിതദാസ് ജയറാം, മുരളി, ദിവ്യ ഉണ്ണി
1997 ഭൂതക്കണ്ണാടി ലോഹിതദാസ് മമ്മൂട്ടി, ശ്രീലക്ഷ്മി
1996 തൂവൽക്കൊട്ടാരം സത്യൻ അന്തിക്കാട് ജയറാം, മഞ്ജു വാര്യർ, സുകന്യ
1996 സല്ലാപം സുന്ദർദാസ് മനോജ് കെ. ജയൻ, ദിലീപ്, മഞ്ജു വാര്യർ
1995 സാദരം ജോസ് തോമസ് സുരേഷ് ഗോപി, ഗീത
1994 സാഗരം സാക്ഷി സിബി മലയിൽ മമ്മൂട്ടി, തിലകൻ, സുകന്യ
1994 ചകോരം എം.എ. വേണു മുരളി
1993 പാഥേയം ഭരതൻ മമ്മൂട്ടി, ചിപ്പി
1993 ഗർദ്ദിഷ് പ്രിയദർശൻ ജാക്കി ഷ്റോഫ്, അംരീഷ് പുരി, ഡിംപിൾ കപാഡിയ
1993 വാൽസല്യം കൊച്ചിൻ ഹനീഫ മമ്മൂട്ടി, സിദ്ദിഖ്, ഗീത
1993 ചെങ്കോൽ സിബി മലയിൽ മോഹൻലാൽ, തിലകൻ, ശാന്തികൃഷ്ണ, സുരഭി
1993 വെങ്കലം ഭരതൻ മുരളി, മനോജ് കെ. ജയൻ, ഉർവ്വശി
1992 കൗരവർ ജോഷി മമ്മൂട്ടി, തിലകൻ, ശാന്തികൃഷ്ണ
1992 ആധാരം ജോർജ്ജ് കിത്തു മുരളി, ഗീത
1992 കമലദളം സിബി മലയിൽ മോഹൻലാൽ, മോനിഷ, പാർവ്വതി
1992 വളയം സിബി മലയിൽ മുരളി, മനോജ് കെ. ജയൻ, പാർവ്വതി
1991 കനൽക്കാറ്റ് സത്യൻ അന്തിക്കാട് മമ്മൂട്ടി, മുരളി, ജയറാം, ഉർവ്വശി
1991 അമരം ഭരതൻ മമ്മൂട്ടി, മുരളി, അശോകൻ, മാതു
1991 ഭരതം സിബി മലയിൽ മോഹൻലാൽ, നെടുമുടി വേണു, ഉർവ്വശി
1991 ധനം സിബി മലയിൽ മോഹൻലാൽ, ചാർമ്മിള
1990 കുട്ടേട്ടൻ ജോഷി മമ്മൂട്ടി, സരിത
1990 ഹിസ് ഹൈനസ് അബ്ദുള്ള സിബി മലയിൽ മോഹൻലാൽ, നെടുമുടി വേണു, ഗൌതമി
1990 മാലയോഗം സിബി മലയിൽ ജയറാം, മുകേഷ്, പാർവ്വതി
1990 സസ്നേഹം സത്യൻ അന്തിക്കാട് ബാലചന്ദ്രമേനോൻ, ശോഭന
1989 മഹായാനം ജോഷി മമ്മൂട്ടി, മുകേഷ്, സീമ
1989 മുദ്ര സിബി മലയിൽ മമ്മൂട്ടി, പാർവ്വതി
1989 ദശരഥം സിബി മലയിൽ മോഹൻലാൽ, മുരളി, രേഖ
1989 ജാതകം സുരേഷ് ഉണ്ണിത്താൻ ജയറാം, തിലകൻ, സിത്താര
1989 കിരീടം സിബി മലയിൽ മോഹൻലാൽ, തിലകൻ, പാർവ്വതി
1988 മുക്തി ഐ.വി. ശശി മമ്മൂട്ടി, റഹ്മാൻ, ഉർവ്വശി
1988 വിചാരണ സിബി മലയിൽ മമ്മൂട്ടി, ശോഭന
1988 കുടുംബപുരാണം സത്യൻ അന്തിക്കാട് ബാലചന്ദ്രമേനോൻ, തിലകൻ, അംബിക
1987 എഴുതാപ്പുറങ്ങൾ സിബി മലയിൽ നെടുമുടി വേണു, സുഹാസിനി
1987 തനിയാവർത്തനം സിബി മലയിൽ മമ്മൂട്ടി, സരിത
സംവിധാനം ചെയ്തവ തിരുത്തുക
വർഷം ചലച്ചിത്രം അഭിനേതാക്കൾ
1997 ഭൂതക്കണ്ണാടി മമ്മൂട്ടി, ശ്രീലക്ഷ്മി
1997 കാരുണ്യം ജയറാം, ദിവ്യ ഉണ്ണി, മുരളി
1998 ഓർമച്ചെപ്പ് ലാൽ, ദിലീപ്, ചഞ്ചൽ, ബിജു മേനോൻ
1998 കന്മദം മോഹൻലാൽ, മഞ്ജു വാര്യർ, ലാൽ
2000 അരയന്നങ്ങളുടെ വീട് മമ്മൂട്ടി, ലക്ഷ്മി ഗോപാലസ്വാമി, കവിയൂർ പൊന്നമ്മ
2000 ജോക്കർ ദിലീപ്, മന്യ, നിഷാന്ത് സാഗർ
2001 സൂത്രധാരൻ ദിലീപ്, മീര ജാസ്മിൻ
2003 കസ്തൂരിമാൻ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ
2003 ചക്രം പൃഥ്വിരാജ്, മീര ജാസ്മിൻ
2005 കസ്തൂരിമാൻ (തമിഴ്) പ്രസന്ന, മീര ജാസ്മിൻ
2006 ചക്കരമുത്ത് ദിലീപ്, കാവ്യാ മാധവൻ
2007 നിവേദ്യം വിനു മോഹൻ, ഭാമ, നെടുമുടി വേണു
ഗാനരചന നിർവഹിച്ചവ
2007 നിവേദ്യം കോലക്കുഴൽ വിളി കേട്ടോ... എം. ജയചന്ദ്രൻ വിജയ് യേശുദാസ്, ശ്വേത
2003 കസ്തൂരിമാൻ രാക്കുയിൽ പാടി... ഔസേപ്പച്ചൻ യേശുദാസ്
2000 ജോക്കർ ചെമ്മാനം പൂത്തേ.. മോഹൻ സിത്താര യേശുദാസ്
2000 ജോക്കർ അഴകേ നീ പാടും... മോഹൻ സിത്താര യേശുദാസ്