അയ്യപ്പനും കോശിയും , കമ്മട്ടിപ്പാടം, പാവാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ മലയാള നടൻ അനിൽ നെടുമങ്ങാട് വെള്ളിയാഴ്ച തൊടുപുഴയിലെ മലങ്കര അണക്കെട്ടിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് ഈ അപകടം സംഭവിച്ചത്..
ജോജു ജോർജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി അനിൽ തൊടുപുഴയിലായിരുന്നു.
അവതാരകനായും നിർമ്മാതാവായും ടിവിയിൽ അഭിനയിച്ചതിന് ശേഷം അനിൽ അനിൽ നെടുമങ്ങാട് 2014 ൽ ഞാൻ സ്റ്റീവ് ലോപ്പസുമായി വെള്ളിത്തിരയിലെത്തി. കമ്മട്ടിപ്പാടം, പാവാട, ക്രിസ്മസ് പരോൾ, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പാപം ചെയ്തവർ കല്ലെറിയട്ടെയിലാണ് അദ്ദേഹം അവസാനമായി കണ്ടത്.
ആദരാജ്ഞലികൾ
മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന കെ ആർ സച്ചിതാനന്ദൻ ( 49 ) അന്തരിച്ചു . അവസാന സിനിമയായ ' അയ്യപ്പനും കോശിയും' ലൂടെ പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്‌ഠം പ്രശംസ പിടിച്ചുപറ്റിയ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും പ്രേക്ഷകരും .
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വെന്റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .
നിയമ ബിരുദധാരിയായ സച്ചി സുഹൃത്ത് സേതുവുമൊന്നിച്ച് സച്ചി - സേതു എന്ന പേരിൽ ചോക്കളേറ്റ് ( 2007) , റോബിൻഹുഡ് ( 2009 ) , സീനിയേഴ്സ് (2011) , മെയ്ക്കപ്പ് മേൻ ( 2011 ), ഡബിൾസ് ( 2011 ) എന്നീ സിനിമകൾക്ക് ശേഷം സ്വതന്ത്ര രചയിതാവായി റൺ ബേബി റൺ ( 2012 ), ചേട്ടായീസ് ( 2012 ) , രാമലീല ( 2017 ), ഡ്രൈവിംഗ് ലൈസൻസ് ( 2019 ) എന്നി ചിത്രങ്ങൾ ചെയ്തു . 2017 ൽ ഷെർലക്ക് ടോംസ് എന്ന ചിത്രത്തിൽ നജിം കോയ , ഷാഫി എന്നിവർക്കൊപ്പം സഹ രചയിതാവായി .
അനാർക്കലി ( 2015 ), അയ്യപ്പനും കോശിയും (2020 ) എന്നിവയാണ് എഴുതി സംവിധാനം ചെയ്ത സിനിമകൾ. കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര സഹ നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എറണാകുളം തൃപ്പുണിത്തുറയിലായിരുന്നു താമസം .
കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കർശന നിയന്ത്രത്തോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക . ചലച്ചിത്ര പ്രവർത്തകരും പ്രേക്ഷകരും സഹകരിക്കണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അഭ്യർത്ഥിച്ചു. നിയമ വിദഗ്ദൻ കൂടിയായ സച്ചി ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമാണ് .
2019 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു ശിശിരം എന്ന സിനിമയുടെ സംവിധായകൻ വിവേക് ആര്യൻ നമ്മെ വിട്ടു പിരിഞ്ഞു. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ അല്പം മുൻപായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ചു ദിവസമായി തീവ്ര പരിചരണ വിഭാത്തിൽ ചികിത്സയിലായിരുന്നു.
ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. കൊടുങ്ങല്ലൂരിൽ ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ ആര്യന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ അമൃതയുടെ കൈയ്യിന് പരിക്കേറ്റിരുന്നു.
സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല് വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്. സഹോദരൻ: ശ്യാം
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികൾ